Friday, July 19, 2013

മുതലയ്ക്ക് എന്താണ് ഈ വീട്ടില്‍ കാര്യം?

മുതലയ്ക്ക് എന്താണ് ഈ വീട്ടില്‍ കാര്യം?





ജുറാസിക് പാര്‍ക്ക് കണ്ടുപേടിച്ചു തിയറ്ററിലെ കസേരയില്‍ മുറുകെപ്പിടിച്ചിരുന്ന കുട്ടിക്കാലം ഓര്‍മയിലേ്ല? ജുറാസിക് പാര്‍ക്കിലെ ദിനോസറുകളെ സൃഷ്ടിച്ച ആനിമാട്രിക്സ് സാങ്കേതിക വിദ്യ മലയാളത്തിലുമെത്തുന്നു. ക്രൊക്കൊഡൈല്‍ ലവ് സ്‌റ്റോറിയിലൂടെ. ഒരു മുതലയുടെ രൂപത്തിലാണ് ആനിമാട്രിക്സ് പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുന്നത്, പൊട്ടിച്ചിരിപ്പിക്കാനും.

മുതലയെ സിനിമയില്‍ ഉപയോഗിച്ചപ്പോള്‍ അതിനെ ഉപദ്രവിച്ചിട്ടിലെ്ലന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം- സിനിമ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനു വേണ്ടി പ്രദര്‍ശിപ്പിച്ചപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് യഥാര്‍ഥ മുതലയലെ്ലന്ന് അവരെ ബോധിപ്പിക്കാന്‍ പ്രയാസപ്പെടേണ്ടി വന്നതായി സംവിധായകന്‍ അനൂപ് രമേശ് പറഞ്ഞു. മുതലയെ സാങ്കേതികവിദ്യയിലൂടെ സൃഷ്ടിച്ചതിന്‍റെ രേഖകള്‍ സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കേണ്ടി വന്നു. ‘ഈ സിനിമയില്‍ യഥാര്‍ഥ മുതലയെ ഉപയോഗിച്ചിട്ടിലെ്ലന്നും ആനിമാട്രിക്സിലൂടെ രൂപപ്പെടുത്തിയ മുതലയാണ് സിനിമയിലുള്ളതെന്നും സിനിമയുടെ തുടക്കത്തില്‍ അറിയിപ്പു കൊടുക്കണമെന്ന നിബന്ധനയോടെയാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

വളരെക്കാലത്തിനു ശേഷമാണ് മലയാളത്തില്‍ ഒരു മൃഗം പ്രധാന കഥാപാത്രമാകുന്ന സിനിമയൊരുങ്ങുന്നത്. 12 അടി നീളമുള്ള മുതലയെ കൃത്രിമമായി നിര്‍മിച്ചാണു കരയിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. വെള്ളത്തിനടിയിലെ മുതലയെ ആനിമാട്രിക്സ് സാങ്കേതിക വിദ്യയിലൂടെയും തയാറാക്കി. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന രീതിയില്‍ റൊമാന്‍റിക് കോമഡിയായാണ് സിനിമ തീയറ്ററിലെത്തുക. കരയില്‍ മുതലയെത്തുന്ന രംഗങ്ങളില്‍ ആനിമേഷന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ആനിമേഷന്‍ സിനിമയെന്ന വിശേഷണം അണിയറപ്രവര്‍ത്തകര്‍ സിനിമയ്ക്കു നല്‍കുന്നു.

പ്രണയിതാക്കളായ രണ്ടുപേര്‍ പ്രത്യേക സാഹചര്യത്തില്‍ ഒറ്റപ്പെട്ട ദ്വീപിലെത്തു ന്നതും  അവിടെയുള്ള മുതല അവരുടെ ജീവിതത്തില്‍ ഇടപെടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് സിനിമ കാഴ്ചവയ്ക്കുന്നത്- തിരക്കഥാകൃത്ത് ശബരീഷ് ശങ്കര്‍ പറയുന്നു. ഫാറ്റ് സലൂണ്‍ എന്ന സ്ഥാപനമാണ് ആനിമാട്രിക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. പ്രവീണ്‍ പ്രേം, അവന്തിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരി പ്പിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്ററുകളും സിനിമയുടെ പ്രത്യേകത എടുത്തറിയിക്കുന്നുണ്ട്. 

മുതലയെ ചങ്ങലയിട്ടു പിടിച്ചു നില്‍ക്കുന്ന നായകനും നായികയും ഉള്‍പ്പെടുന്ന പോസ്റ്ററുകളില്‍ തന്നെ കൗതുകം ഒളിഞ്ഞിരിപ്പുണ്ട്. കലാഭവന്‍ മണി, അശോകന്‍, പ്രേംകുമാര്‍, മണിക്കുട്ടന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരി പ്പിക്കുന്നു .ചിത്രത്തിലെ ‘ആരോ ആരോ എന്നറിയാതെ ഞാനും നീയും തമ്മില്‍ പറയാതെ എന്ന ഗാനം യൂ ട്യൂബില്‍ ഹിറ്റായിത്തുടങ്ങി. സി. ശ്രീപ്രസാദിന്‍റെ വരികള്‍ക്ക് അരുണ്‍ സിദ്ധാര്‍ഥ് ആണു സംഗീതം നല്‍കിയത്.

• സിനിമയെക്കുറിച്ചു സംവിധായകന്‍ അനൂപ് രമേശ്:
ആനിമേഷനും ആനിമാട്രിക്സും ഉപയോഗിക്കുന്പോള്‍ പൂര്‍ണമായി അതിന്‍റെ എഫക്ട് പ്രേക്ഷകരിലെത്തിക്കാന്‍ കഴിഞ്ഞിലെ്ലങ്കില്‍ ഉപയോഗമില്ല. ഒരു വര്‍ഷം കൊണ്ടാണ് മുതലയുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. മൂന്നു തവണയാണ് മുതലയെ നിര്‍മിച്ചത്. മൂന്നാമത്തേത് ഒറിജിനലിനെ വെല്ലുന്ന തകര്‍പ്പന്‍ മുതലയായി. തിരുവനന്തപുരത്തും മലന്പുഴ ഡാമിലുമായാണു ചിത്രീകരണം നടത്തിയത്. മുതല ഉള്‍പ്പെടുന്ന രംഗങ്ങളൊഴികെയെല്ലാം വളരെ വേഗം ചിത്രീകരണം കഴിഞ്ഞു. ആനിമേഷനും ആനിമാട്രിക്സും വിദേശത്തു നിന്നുള്‍പ്പെടെ ഉപകരണങ്ങള്‍ ഇറക്കിയാണ് തയാറാക്കിയത്. അതിനു പൂര്‍ണമായ സാങ്കേതിക സഹായവും ലഭ്യമാക്കി. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതു യഥാര്‍ഥ മുതലയെയല്ല എന്ന അറിയിപ്പൊഴികെ, പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരമെന്ന അറിയിപ്പ് ഒരിടത്തും ഉപയോഗിക്കേണ്ടി വന്നിട്ടില്ല. കുട്ടികള്‍ക്കു കാണാന്‍ കഴിയാത്ത ഒരു രംഗവും ചിത്രത്തിലില്ല. ന്യൂ ജനറേഷന്‍ സിനിമയെന്നതിനെക്കാള്‍ ന്യൂ ട്രെന്‍ഡ് സിനിമയാകും ക്രൊക്കൊഡൈല്‍ ലവ് സ്‌റ്റോറി.

No comments:

Post a Comment