Monday, April 7, 2014

മോഹന്‍ലാലിന് തിരഞ്ഞെടുപ്പ് വിലക്ക്!

മോഹന്‍ലാലിന് തിരഞ്ഞെടുപ്പ് വിലക്ക്!


ചാലക്കുടി: നടന്‍ ഇന്നസെന്റിനുവേണ്ടി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങരുതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. എന്താ ഒരെത്തും പിടിയും കിട്ടുന്നില്ലേ? സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റിനുവേണ്ടി നടനായ മോഹന്‍ലാല്‍ പ്രചാരണം നടത്തുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസ് അധ്യക്ഷന് എന്തിന്റെ ചൊറിച്ചിലാണെന്ന് ചോദിക്കാന്‍ വരട്ടെ.

പറയുന്നതില്‍ കാര്യമുണ്ട്. മോഹന്‍ ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ കൂടിയാണ്. ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന ലാല്‍ ഒരു പാര്‍ട്ടിയ്ക്കുവേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തെറ്റാണ്. അദ്ദേഹം മാറി നില്‍ക്കണം. മലയാള സിനിമയില്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് ഇന്നസെന്റ്. നല്ല നടനായ ഇന്നസെന്റ് സിനിമയിലും മികച്ച നേതാക്കളിലൊരാളായ പിസി ചാക്കോ പാര്‍ലമെന്റിലും വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുധീരന്‍ വ്യക്തമാക്കി.

 ചാലക്കുടിയില്‍ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിസി ചാക്കോയുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം മുരിങ്ങൂരില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. അതേ സമയം മമ്മുട്ടിയെ പോലെ ഇന്നസെന്റിനൊപ്പം പ്രചാരണവാഹനത്തില്‍ യാത്ര ചെയ്തിരുന്നില്ല. ഒരു പക്ഷേ, ഈ ലെഫ്റ്റനന്റ് കേണലിന്റെ പരിമിതി ലാല്‍ നേരത്തെ മനസ്സിലാക്കിയിട്ടുണ്ടാകും.

ഇന്നസെന്റിനുവണ്ടി പ്രചാരണം നടത്താന്‍ ഒട്ടേറെ താരങ്ങള്‍ ചാലക്കുടിയിലെത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ ദേവന്‍, മധു, കവിയൂര്‍ പൊന്നമ്മ, കലാഭവന്‍ മണി, ജനാര്‍ദ്ദന്‍ എന്നിവരാണ് പ്രചാരണത്തിനെത്തിയത്. പ്രചാരണത്തിന്റെ സമാപനമാകുമ്പോഴേക്കും ഇനിയും താരങ്ങളെത്തുമെന്ന പ്രതീക്ഷയിലാണ് ചാലക്കുടിക്കാര്‍.

No comments:

Post a Comment