Sunday, March 9, 2014

അമ്മയുടെ സ്ഥാനമൊഴിഞ്ഞും മത്സരിക്കും: ഇന്നസെന്റ്




തൃശ്ശൂര്‍: ചാലക്കുടിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് മത്സരിക്കുന്നതിനെതിരെ സിനിമാ മേഘലയില്‍ നിന്ന് വ്യാപകമായ എതിര്‍പ്പുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാം മറുപടിയായി ഇന്നസെന്റിന് ഒന്നേ പറയാനുള്ളൂ, പറയുന്നവര്‍ പറയട്ടെ, ഞാന്‍ മത്സരിക്കും.

സിനിമാ ജീവിതത്തിന് മുമ്പേ ഞാന്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയതാണ്. ആര്‍ എസ് പി പ്രവര്‍ത്തനം ഉണ്ടായിരുന്നെങ്കിലും നഗരസഭയിലേക്ക് സ്വതന്ത്രനായാണ് മത്സരിച്ചത്. ഇപ്പോഴുള്ള പോരാട്ടവും അങ്ങനെ തന്നയാണ്- ഇന്നസെന്റ് പറഞ്ഞു. തനിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച വിനയന് നല്‍കാന്‍ മറുപടിയില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. താരസംഘടനയായ അമ്മയും ഇന്നസെന്റ് തിരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന് എതിരാണ്. എന്നാല്‍ അമ്മയിലെ പ്രസിഡന്റ് സ്ഥാനം ഏത് നിമിഷവും ഒഴിയാന്‍ തയ്യാറാണെന്നും ഇന്നസെന്റ് തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ജീവിക്കാനുള്ള വക സിനിമയില്‍ നിന്ന് ഉണ്ടാക്കിയിട്ടുണ്ട്. എം പിയാകുന്നത് കാശുണ്ടാക്കാനല്ലെന്നും പൊതുസേവനം നടത്താനാണെന്നും ഇന്നസെന്റ് പറയുന്നു. വോട്ട് ചോദിക്കാന്‍ മതമേലധികാരികളെ കാണും. അതെന്റെ കടമയാണ്. എന്നെ അറിയാവുന്നവര്‍ക്ക് ഞാനെന്താണെന്ന് കൃത്യമായി അറിയാം. അവര്‍ എന്നെ വിശ്വസിക്കും. അല്ലാത്തവര്‍ ഇത് കേട്ട് വിശ്വസിക്കുകയാണെങ്കില്‍ വിശ്വസിക്കട്ടെ. എന്നെ കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞാല്‍ അതിനെതിരെ പ്രതികരിക്കാന്‍ എനിക്ക് താത്പര്യമില്ലെന്നും പറയുന്നവര്‍ പറയട്ടെയന്നും ഇന്നസെന്റ് പറഞ്ഞു.


തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സിനിമയിലഭിനയിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്നസെന്റിനെ സൂപ്പര്‍താരങ്ങളുടെ ഏജന്റ് എന്നാണ് വിനയന്‍ ഫേസ്ബുക്കിലൂടെ വിശേഷിപ്പിച്ചത്. താരസംഘടനയിലെ അംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞ ഇന്നസെന്റ് ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശരിയല്ലെന്ന് അമ്മ അംഗങ്ങള്‍ പറഞ്ഞിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നും താരസംഘടനാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു








No comments:

Post a Comment