Tuesday, January 28, 2014

അഞ്ചു മജീദും ഒരു മമ്മൂട്ടിയും balyakalasakhi malayalam movie





മമ്മൂട്ടിയുടെ മജീദിന് അഞ്ചു ഭാവങ്ങള്‍. മജീദിന്‍റെ വിവിധ പ്രായത്തിലുള്ള ഉമ്മയായി മീന. സീമാ ബിശ്വാസിന്‍റെ ഹിജഡ. കൊല്‍ക്കൊത്തയിലെത്തുന്ന മജീദിനു വഴികാട്ടിയാവുന്ന അല്‍ അമീന്‍ സാഹിബായി ശശികുമാര്‍. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ബാല്യകാലസഖി സിനിമയായി തിയറ്ററിലെത്തുന്പോള്‍ പ്രമോദ് പയ്‌യന്നൂരിന്‍റെ കലാജീവിതം പുതിയ വഴിത്തിരിവിലെത്തുകയാണ്. വൈക്കത്തിന്‍റെ നാട്ടുഭാഷ പോലും പഠിചെ്ചടുത്തു കാച്ചിക്കുറുക്കി തയാറാക്കിയ അഭ്രകാവ്യം പാട്ടിന്‍റെ വരികള്‍ കൊണ്ടും ഈണം കൊണ്ടും പറയുന്നതു വലിയൊരു ചരിത്രമാണ്.
വീണ്ടെടുപ്പ് 
പാട്ടിന്‍റെ ലാളിത്യം കെ.രാഘവന്‍റെ ശ്രുതിപ്പെട്ടിയില്‍ നിന്നടര്‍ന്നു പോയില്ലെന്നറിയാന്‍ ബാല്യകാലസഖിയിലെ രണ്ടു പാട്ടുകള്‍ മതി. ‘താമരപ്പൂങ്കാവനത്തില്‍ താമസിക്കുന്നോളേ എന്ന വാമൊഴിപ്പാട്ടിന് യേശുദാസിന്‍റെ ശബ്ദം ചേര്‍ന്നു നില്‍ക്കുന്നു. താമരപ്പൂങ്കാവനത്തിനു കെ.ടി.മുഹമ്മദ് എഴുതിയ തുടര്‍വരികള്‍ അങ്ങനെ സിനിമയില്‍ പാട്ടായി മാറി. ‘കാലം പറക്ക്ണ, മാരി പിറക്ക്ണ, രാവു തണുക്ക്ണ നേരം... എന്ന പ്രമോദ് പയ്‌യന്നൂരിന്‍റെ വരികള്‍ വി.ടി.മുരളിയെ കൊണ്ടാണു കെ. രാഘവന്‍ പാടിച്ചത്.


ഷഹബാസ് അമന്‍ ഈണം നല്‍കിയ മൂന്നുപാട്ടിനുമുണ്ട് പഴമയുടെ പ്രൗഢി. പി. ഭാസ്കരന്‍റെ ‘എന്‍റെ തൂലികഎന്ന കവിതയും കാവാലത്തിന്‍റെ വരികളും ശ്രീകുമാരന്‍ തന്പിയുടെ പ്രണയഗാനവും ഷഹബാസിന്‍റെ ഈണത്തിനിണങ്ങുന്നതായി. പാട്ടില്‍ ഉര്‍ദുകവി സെയ്ക്കിന്‍റെ സാമിപ്യവും ബാവുല്‍ സംഗീത താളവും ഇഴചേര്‍ന്നു നില്‍ക്കുന്നു. ഉര്‍ദു കവിതകള്‍ ഏറ്റുപാടുന്നതു ഗസല്‍ ഗായകന്‍ ഉസ്താദ് ഫയാസ് ഖാന്‍. ഒഎന്‍വിയുടെ കവിത ‘വാഗ്ദത്ത ഭൂമിയിലെ വരികള്‍ ബംഗാളിയിലേക്കു സുനില്‍ ഞാളിയത്ത് മൊഴിമാറ്റിയപ്പോള്‍ രബീന്ദ്രസംഗീതത്തിന്‍റെ ഈണത്തില്‍ ചിട്ടപ്പെടുത്തിയതു വേണു കൊല്‍ക്കൊത്തയാണ്. പാടിയതു രാഘവ് ചാറ്റര്‍ജിയും. വൈക്കം മുഹമ്മദ് ബഷീര്‍ ഉപയോഗിച്ച വാക്കുകള്‍ കോര്‍ത്തൊരുക്കിയ കാവാലത്തിന്‍റെ വരികള്‍ ‘ബാല്യകാലസഖിയെ ഒരുപാട്ടടുപ്പം കൊണ്ടു വിസ്മയിപ്പിക്കുമെന്നുറപ്പ്.


• അഞ്ചു മജീദും മമ്മൂട്ടിയും

കേരളത്തിലെ മജീദും കൊല്‍ക്കൊത്തയിലെ മജീദും. കാലം വരുത്തിയ മാറ്റത്തിനൊപ്പം മജീദും സിനിമയും സ്വാഭാവികമായി വളരുന്നു. മമ്മൂട്ടിയുടെ പ്രായവും പ്രണയവുമെല്ലാം ഇഴചേര്‍ന്നു നില്‍ക്കുന്നു. ‘ എന്‍റെ പ്രായത്തിനിണങ്ങിയ പ്രണയം ചേര്‍ത്തെഴുതാന്‍ സംവിധായകനു കഴിഞ്ഞിരിക്കുന്നു. പച്ചയായ നടനും കഥാപാത്രവുമാണിവിടെ. ബഷീറിന്‍റെ ആത്മസ്പര്‍ശമുള്ള സംഭവങ്ങളിലേക്കു കൂടി കഥ വളരുന്നതിനാല്‍ സിനിമ പുതുമ നല്‍കും, മമ്മൂട്ടി പറഞ്ഞു.


• നന്ദി, നാടകത്തോടും

മലയാള മനോരമയ്ക്കായി മമ്മൂട്ടി അഭിനയിച്ച ‘ഭീമം ദൃശ്യവിഷ്കാരത്തിന്‍റെ റിഹേഴ്സല്‍ ക്യാംപില്‍ വച്ചാണു ബാല്യകാലസഖിയെ കുറിച്ചുള്ള ചിന്തയുടെ പിറവി. പ്രമോദ് പയ്‌യന്നൂര്‍ രംഗഭാഷ ചമച്ച ‘ഭീമം മമ്മൂട്ടിയിലെ നാടക നടനിലേക്കുള്ള കാലത്തിന്‍റെ ചാഞ്ഞിറക്കമായിരുന്നു. അന്നു തുടങ്ങിയതാണു പ്രമോദിന്‍റെ പഠനയാത്രകള്‍. ബഷീറിന്‍റെ ആദ്യകഥ ‘തങ്കം ഷോര്‍ട്ട് ഫിലിമാക്കി. കെപിഎസി ലളിതയെയും എം.ആര്‍.ഗോപകുമാറിനെയും നാല്‍പതോളം അഭിനേതാക്കളെയും അണിനിരത്തി ‘മതിലുകള്‍ കേരളത്തിലെന്പാടും നാടകാനുഭവമാക്കി. ബഷീറിന്‍റെ ഒാര്‍മകള്‍ പെയ്ത മനോരമ ന്യൂസിലെ ‘അന്നൊരിക്കല്‍ മറ്റൊരു നിമിത്തമായി.


ഒടുവില്‍ ബാല്യകാലസഖിക്ക് സിനിമാരൂപം കൈവരുന്പോള്‍ കേരളത്തിലെ മുപ്പത്തിയഞ്ചോളം നാടകകലാകാരന്‍മാരെ താരങ്ങളാക്കി നാടകകാലത്തോടു നന്ദികാട്ടി. ആനവാരി രാമന്‍ നായരും പൊന്‍കുരിശു തോമയും ഒറ്റക്കണ്ണന്‍ പോക്കറും എട്ടുകാലി മമ്മൂഞ്ഞും മണ്ടന്‍ മുസ്തഫയുമെല്ലാം നാടകങ്ങളില്‍ നിന്നു സ്ക്രീനിലേക്കു നടന്നുവന്നവരാണ്. ഇഷാ തല്‍വാര്‍, തനുശ്രീ ഘോഷ്, സുനില്‍ സുഖദ, ഷൈന്‍ തുടങ്ങിയ താരനിര. ഹരി നായരുടെ ക്യാമറ. എഡിറ്റിങ് മനോജ് കണ്ണോത്ത്. ചമയം രഞ്ജിത് അന്പാടി. എം.ബി.മുഹസിനും സജീബ് ഹാഷിമും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി ആറിനു തിയറ്ററിലെത്തും.









No comments:

Post a Comment