Thursday, July 11, 2013

sports bcci may lose the right to represent india

ക്രിക്കറ്റില്‍ നിന്ന്‌ 'ഇന്ത്യ' പുറത്താകുമോ?



ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി ഇന്ത്യയെ പ്രതിനിധീകരിക്കാനാകുമോ എന്ന് ആശങ്കയുണര്‍ത്തും വിധം ദേശീയ കായിക വികസന ബില്ലിന്റെ കരട് രൂപം. നിലവിലെ സാഹചര്യത്തില്‍ ബിസിസിഐ ബില്ലിന്റെ പരിധിയില്‍ വരില്ല എന്നതാണ് പ്രശ്‌നം. ജസ്റ്റിസ് മുകുള്‍ മുദ്ഗാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി 2013 ജൂലായ് 10 നാണ് ബില്ലിന്റെ കരട് കായിക മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. വിവരാവകാശ നിയമത്തിന് കീഴില്‍ വരാത്ത സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനൊ, 'ഇന്ത്യ' 'ഇന്ത്യന്‍' എന്നീ വിശേഷണങ്ങള്‍ ഉപയോഗിക്കാനോ പാടില്ലെന്നാണ് കരട് ബില്ലില്‍ പറയുന്നത്. ഇതാണ് ബിസിസിഐയെ കുടുക്കിലാക്കുന്നതും. സര്‍ക്കാര്‍ സഹായങ്ങള്‍ ഒന്നും സ്വീകരിക്കാത്തതിനാല്‍ തങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു ഇതുവരേയും ബിസിസിഐയുടെ ഉറച്ച നിലപാട്. തങ്ങളെ വിവരാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരേണ്ടെന്ന് ബസിസിഐ ഒറ്റക്കെട്ടായി പ്രമേയവും പാസാക്കിയിരുന്നു. സര്‍ക്കാരിന് കീഴിലുള്ള രജിസ്‌ട്രേഡ് സ്‌പോര്‍ട്‌സ് ഫെഡറേഷനും അല്ല ബിസിസിഐ. ചുരുക്കിപ്പറഞ്ഞാല്‍, ഈ ബില്ല് പാര്‍ലമെന്റ് പാസാക്കിയാല്‍ പിന്നെ മഹേന്ദ്ര സിങ് ധോണിക്കും കൂട്ടര്‍ക്കും ഇന്ത്യന്‍ ടീം എന്ന് പറഞ്ഞ് കളത്തിലിറങ്ങാനാവില്ല. ജസ്റ്റിസ് മുകുള്‍ മുഗ്ദാല്‍ ബില്ലിന്റെ കരട് രൂപം സമര്‍പ്പിച്ച് അല്‍പസമയത്തിന് ശേഷം ഇത് സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ബിസിസിഐയുടെ ഇടക്കാല മേധാവിയായ ജഗ്മോഹന്‍ ഡാല്‍മിയ വിസമ്മതിച്ചു. ബില്ലിന്റെ പകര്‍പ്പ് കിട്ടി അത് പരിശോധിച്ച ശേഷമേ എന്തെങ്കിലും പറയാനാകൂ എന്ന് ജഗ്മോഹന്‍ ഡാല്‍മിയ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ബിസിഐ ജനറല്‍ മാനേജര്‍ രത്‌നാകര്‍ ഷെട്ടിയും പ്രതികരിച്ചില്ല. ബില്‍ പാസാക്കിക്കഴിഞ്ഞാല്‍ ബിസിസിഐ സ്വാഭാവികമായും അതിന്റെ കീഴില്‍ വരുമെന്ന് കായിക സെക്രട്ടറി പികെ ദെബ് പറഞ്ഞു. വിവരാവകാശ നിയമത്തിന് കീഴില്‍ വരാന്‍ ബിസിസിഐ വിസമ്മതിച്ചാല്‍ പിന്നെ മറ്റ് വഴിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കായിക മന്ത്രി അജയ് മാക്കനാണ് രാജ്യത്തിന് ഒരു കായിക നിയമം ആവശ്യമാണെന്ന് ആദ്യം വ്യക്തമാക്കിയത്. തുടക്കത്തില്‍ കേന്ദ്ര മന്ത്രിസഭ പോലും ഈ ആവശ്യത്തിന് പിന്തുണ നല്‍കിയിരുന്നില്ല.

No comments:

Post a Comment